മഴ കനത്തുപെയ്യുമ്പോൾ


















ഖാലിദ് അൽ ബദൂർ
വിവർത്തനം: സർജു

വേണം നമുക്കിത്തിരിനേരം
ഈ നഗരത്തിൻ തെരുവുകളിലൂടെ നടക്കാൻ
പത്തുമണി കഴിഞ്ഞ് ഏതോ വളവുതിരിഞ്ഞ്
വൈകിവരുന്ന രാത്രികളെ അറിയാൻ

പാതിരാവെത്തും മുമ്പ്
സത്രത്തിലേയ്ക്കുള്ളവഴിയേ
നിന്നോടൊത്തു നടക്കാനെനിക്ക് നേരംവേണം
മഴയുടെ ജലധാരയ്ക്കു കീഴിൽ
മങ്ങിത്തെളിയും നമ്മുടെ തൃഷ്ണകൾ
നമുക്കുകാണാൻ
അവർക്ക് മെഴുതിരികൾ കൊളുത്തുവാനാകും.

നീ അടുത്തുള്ളതിൽ ആനന്ദമറിയുവാൻ
രാത്രിയിലെ നിന്റെ മുഖവടിവുകളറിയുവാൻ
എനിക്ക് നേരം വേണം
ഭിന്നഗ്രഹങ്ങളിൽ
അധിവസിക്കുന്നവർ നാം
ചുണ്ടിലെചെറുചൂടുതൊട്ടറിയുവാൻ
നമുക്ക് നേരം വേണം.

രാത്രി ഇത് നമ്മുടേതല്ല
ഈ നഗരവും
നാമതിൻ ഇടുങ്ങിയ വഴികളിൽ
അലഞ്ഞെന്നിരിക്കിലും.

നീ എന്നിൽനിന്ന് മുഖം തിരിച്ച്
ഒരുമാത്ര പിന്നിട്ട്
മടങ്ങിയെത്തുമ്പോൾ
നിന്നിലേയ്ക്കുള്ള കാഴ്ചകൾ തെളിയുന്നു
ആഹ്ലാദത്താൽ അണപൊട്ടുന്ന
കണ്ണീരിനൊപ്പം പലകാലങ്ങൾ താണ്ടിയ
വേദനകളുയിർക്കുന്നു.

മുഖാമുഖം നാമിരിക്കിലും
ഇടദൂരം ചെറുതല്ല
പക്ഷേ നീയെന്റെ വിരൽതൊട്ട്
സിരകളിൽ തീപടർത്തുന്നു.

നമുക്കു നേരം വേണം
ഓർമ്മിക്കുവാൻ മറക്കുവാനും
ആരറിയുന്നൊരുപക്ഷേ
നമ്മൾ സ്വന്തം പഥങ്ങളിലേയ്ക്ക്
വേർപിരിഞ്ഞേക്കാം,
നമ്മെ അറിയാത്തൊരുനഗരത്തിൽ
മഞ്ഞുകാലത്തിൻ നടപ്പാതകളിൽ
നമ്മുടെ തീവ്രമോഹങ്ങളെ
തണുത്തുമരവിക്കുവാനുപേക്ഷിച്ച്.

നമുക്കറിയുവാൻ നേരംവേണം
ഏതു നഗരത്തിലും തുടരുന്ന
ജീവിതചര്യകൾ
വരുംകാലമെന്നൊന്നില്ല എവിടെയും
ഈ നിമിഷമല്ലാതെ
ഇതു മാത്രമല്ലാതെ

നാം മുഖത്തോടുമുഖം നോക്കി
മൌനമായിരിക്കുമ്പോൾ
സത്രത്തിൻ ജനാലയ്ക്കൽ
കനത്തുവീഴുന്നു മഴ.


(ആധുനിക എമിറാത്തി കവികളിൽ പ്രമുഖൻ. ഒഹിയോ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തരബിരുദം. റേഡിയോ ദുബായുടെ ഡിറക്ടറായിരുന്നു. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയൻ സ്ഥാപകാംഗങ്ങളിൽ ഒരാൾ. കവിതകൾ നിരവധി ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. ലണ്ടൻ ലിറ്ററേച്ചർ ഫെസ്റ്റിവൽ ഉൾപ്പെടെ രാജ്യാന്തര കാവ്യോത്സവങ്ങളിൽ എമിറാത്തി കവിതയെ പ്രതിനിധീകരിച്ചു.)

0 comments:

Post a Comment

© | puthukavitha.blogspot.com |